തിരുവനന്തപുരം: ഓൾ ഇന്ത്യ പോലീസ് വോളിബോൾ സെപാക് താക്രോ ക്ലസ്റ്റർ മത്സരങ്ങൾ ഇന്നു മുതൽ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈകുന്നേരം 4.30നു നിർവഹിക്കും.
ഓൾ ഇന്ത്യ പോലീസ് സ്പോർട്സ് കണ്ട്രോൾ ബോർഡിന്റെ നേതൃത്വത്തിലാണ് ചാന്പ്യൻഷിപ്പ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥർക്കു പുറമെ ആസം റൈഫിൾസ്, ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, ആർപിഎഫ്, എസ്എസ്ബി തുടങ്ങിയ 33 സേന വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.
1105 ഉദ്യോഗസ്ഥർ മത്സരങ്ങളിൽ പങ്കെടുക്കും. 767 പുരുഷന്മാരും 338 സ്ത്രീകളുമുണ്ട്. തിരുവനന്തപുരത്തെ വിവിധ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. വെള്ളയന്പലം ജിമ്മി ജോർജ് സ്റ്റേഡിയം, മൈലം ജിവി രാജ സ്പോർട്സ് സ്കൂൾ, കാലടി വോളിബോൾ ക്ലബ്, പട്ടം കെഎസ്ഇബി സ്റ്റേഡിയം, കാര്യവട്ടം എൽഎൻസിപി സ്റ്റേഡിയം എന്നിവിടങ്ങളിലെ എട്ട് കോർട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്.